വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ പാത്രങ്ങളിലെ കരികറയും അഴുക്കും നീക്കം ചെയ്യാം.
അടുക്കളയിലെ സ്ഥിരം തലവേദനകളിലൊന്നാണ് പാത്രങ്ങളിൽ പിടിക്കുന്ന കരിയും കറയും. എത്ര കഴുകിയാലും പൂർണമായി വൃത്തിയാകാത്ത ഇത്തരം കറകൾ നീക്കം ചെയ്യാൻ പലപ്പോഴും വിലകൂടിയ ക്ലീനിങ് ഉൽപ്പന്നങ്ങൾ തന്നെ വേണമെന്നില്ല. വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ പാത്രങ്ങളിലെ കരികറയും അഴുക്കും നീക്കം ചെയ്യാം. പാത്രങ്ങൾ വൃത്തിയാക്കാൻ സഹായിക്കുന്ന 6 എളുപ്പവഴികൾ നോക്കാം.
വിനാഗിരി
കരി പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വിനാഗിരി നല്ലതാണ്. എണ്ണമയം, ഇരുമ്പിന്റെ അംശം എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ശുചീകരണ വസ്തുവാണ് വിനാഗിരി. ഒരു സ്പ്രേ ബോട്ടിലിൽ തുല്യ അളവിൽ വെള്ളവും വിനാഗിരിയും യോജിപ്പിക്കുക. ശേഷം പാത്രങ്ങളിൽ ഇത് സ്പ്രേ ചെയ്ത ശേഷം തുടച്ച് കഴുകുക.
ബേക്കിങ് സോഡ
ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് പാത്രത്തിലെ കറകള്‍ അടിഞ്ഞുകൂടിയ ഭാഗത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം പാത്രം കഴുകി എടുക്കുക.
നാരങ്ങാനീര്
പാത്രത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ചേര്‍ക്കുക. ഇത് മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് പാത്രത്തിലെ കറയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത് 20 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം തുണി ഉപയോഗിച്ച് വൃത്തിയാക്കുക.
സവാള
കരിഞ്ഞുപിടിച്ച പാത്രങ്ങൾ സവാള ഉപയോഗിച്ച് വൃത്തിയാക്കുന്നതും നല്ലതാണ്. ഇത് ചെയ്യാനായി കരിഞ്ഞു പിടിച്ച പാത്രത്തിൽ വെള്ളം നിറയ്ക്കുക. അഞ്ചോ ആറോ സവാളയുടെ തൊലികൾ മാത്രം പൊളിച്ചെടുത്ത് ഇത് പാത്രത്തിലേക്കിട്ട് അല്പം വെള്ളവും ചേർത്ത് ഉയർന്ന തീയിൽ ചൂടാക്കി മൂടി അടച്ചു വയ്ക്കാം. 20 മുതൽ 30 മിനിറ്റ് വരെ ഈ വെള്ളം തിളപ്പിക്കണം. നന്നായി തിളച്ചു കഴിയുമ്പോൾ തന്നെ കറ കുറേയധികം ഇളകി പോയിട്ടുണ്ടാവും.
കോള
കോള ഉപയോഗിച്ചുകൊണ്ട് പാത്രത്തിലെ കരികറ എളുപ്പം കളയാനാകും. കരിപിടിച്ച പാത്രത്തിൽ അൽപം കോള ഒഴിച്ച് ചെറിയ തീയിൽ ചൂടാക്കുക. ശേഷം പാത്രം ചൂടാവുന്നതിനൊപ്പം കരി കറകളും ഇളകി പോകുന്നത് കാണാനാവും.
ബേക്കിങ് സോഡയും ഉപ്പും
പാനിലെ കരികളയാൻ ബേക്കിങ് സോഡയും ഉപ്പുമാണ് നല്ലത്. അത് രണ്ടും സമാസമം എടുത്ത് വിതറുക. ഒരു മണിക്കൂറിനുശേഷം ഒരു തുണിയോ സ്‌പോഞ്ചോ എടുത്ത് നനച്ച് പതുക്കെ ഉരച്ചുകൊടുക്കുക.
