സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം, മൂന്ന് മരണം, തിരിച്ചടിച്ച് സഖ്യ സേന
ആക്രമണത്തെ തുടർന്ന് വിമാനത്താവളങ്ങളിലെ അടിയന്തര സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുകയും പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു
സൗദി അറേബ്യയിലെ അബ്ഹ, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരുക്കേറ്റതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
അബ്ഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടത്. മൊറോക്കോ, അൾജീരിയ സ്വദേശികളായ ഇവർ വിദേശ താമസക്കാരായിരുന്നു. ആക്രമണത്തിൽ 28 പേർക്ക് പരുക്കേറ്റു. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സുഡാൻ സ്വദേശിയായ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ സൗദി പൗരന്മാരും ഈജിപ്ത്, പാകിസ്താൻ സ്വദേശികളുമുണ്ട്. ആക്രമണത്തെ തുടർന്ന് വിമാനത്താവളങ്ങളിലെ അടിയന്തര സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുകയും പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണത്തിൽ വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതി സൈനിക വക്താവ് യഹ്യ സരീ ഏറ്റെടുത്തിട്ടുണ്ട്. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഡ്രോണുകളും അബ്ഹ വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായാണ് ഹൂതികളുടെ അവകാശവാദം. അതേസമയം, ഹൂതി കേന്ദ്രങ്ങൾക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനിൽ 80-ലേറെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തിരിച്ചടി നടത്തിയതായി റിപ്പോർട്ടുകളുണ്ട്.