അറബ് മേഖല അശാന്തം, ഹൂതി-സൗദി അറേബ്യ സംഘര്‍ഷം കനക്കുന്നു, ചർച്ചകൾ വേണമെന്ന് ഇറാൻ
ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാമെന്ന വാഗ്ദാനവുമായി ഇറാനും രംഗത്തെത്തി
റിയാദ്: ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നു. ഇരുവിഭാഗവും ശക്തമായ ആക്രമണമാണ് നടത്തുന്നത്. യമനിലെ ഹാര്‍ഫ് സൂഫ്യാന്‍, അല്‍ഖ്വാനാവിസ് ജില്ലകളിലും കമരാന്‍ ദ്വീപിലും ശക്തമായ ആക്രമണമാണ് സൗദി നടത്തിയത്. കാമ്രാന്‍ ദ്വീപില്‍ രണ്ട് തവണയാണ് വ്യോമാക്രമണം നടന്നതെന്ന് ഹൂതികളുടെ ഔദ്യോഗിക മാധ്യമമായ അല്‍മാസിറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്തംബര്‍ മൂന്ന് മുതല്‍ പതിമൂന്ന് പ്രവിശ്യകള്‍ കേന്ദ്രീകരിച്ച് സൗദി നടത്തിയ ആക്രമണത്തില്‍ 107പേര്‍ കൊല്ലപ്പെട്ടെന്നും 278 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഹൂതികളുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.
അതേസമയം സൗദിയിലെ ഖാമിസ് മുസായിദ് വ്യോമത്താളത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം നടത്തി. റിയാദില്‍ തുടര്‍ച്ചയായി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നാലെ സൗദി ജബല്‍ ഹബാഷി ജില്ലയിലെ അല്‍ സാഹ്‌റ ഗേള്‍സ് സ്‌കൂളിന് നേരെ നടത്തിയ വ്യോക്രമാണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നും പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റെന്നും അല്‍മാസിറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ തുടര്‍ച്ചയായി എട്ടോളം ആക്രമണങ്ങളാണ് സൗദി നടത്തിയത്.
അതേസമയം ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാമെന്ന വാഗ്ദാനവുമായി ഇറാനും രംഗത്തെത്തി. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സൗദുമായുള്ള ഫോണ്‍ സംഭാഷണത്തിനിടയിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇക്കാര്യം അറിയിച്ചത്. സൈനിക നീക്കം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന മുന്നറിയിപ്പും ഇറാന്‍ സൗദിക്ക് നല്‍കിയിട്ടുണ്ട്. അതേസമയം ഹൂതി ആക്രമണത്തിന് പിന്നാലെ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം നീട്ടി.