ഗ്യാനേഷ് കുമാറിനെതിരെ ഇന്നും പ്രതിഷേധം, മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ നേതാക്കളോട് രാഹുൽ ഗാന്ധി
സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ മുന്നേറ്റം നടത്താൻ ആകണമെന്ന് ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി അറിയിച്ചത്
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരം കടുപ്പിക്കാന്‍ ഇന്ത്യാസഖ്യവും സിജെപിയും. മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി നിർദ്ദേശിച്ചെന്നാണ് വിവരം. സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ മുന്നേറ്റം നടത്താൻ ആകണമെന്ന് ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി അറിയിച്ചത്. ജന്തര്‍ മന്തറിലെ പ്രതിഷേധ വിലക്കിനെതിരെ ഇന്ത്യാ സഖ്യം കോടതിയെ സമീപിക്കും. സുപ്രീംകോടതിയിലെ നടപടികൾ എന്താവുമെന്ന് അറിയാൻ കാത്തിരിക്കണമെന്ന് ഇന്ത്യാസഖ്യത്തിലെ നേതാക്കൾ.
അതേസമയം ജന്തര്‍ മന്തറില്‍ അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് ഇന്നലെ കസ്റ്റഡിയിലെടുത്ത മൂന്ന് സിജെപി നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇന്നും ഡല്‍ഹിയിലെ പ്രധാനയിടങ്ങളില്‍ പ്രതിഷേധം നടക്കും. ഡല്‍ഹി രാംലീല മൈതാനത്ത് പ്രതീകാത്മക പാര്‍ലമെന്റ് സംഘടിപ്പിച്ച് ഗ്യാനേഷ് കുമാറിനെ കുറ്റവിചാരണ ചെയ്യും.