ലാലേട്ടനെ കടത്തിവെട്ടി അജയ് ദേവ്ഗൺ, ദൃശ്യം 3 ഇതുവരെ നേടിയത് 509 കോടി
ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തിയ ഹിന്ദി ‘ദൃശ്യം 3’ ആദ്യ പ്രദർശനങ്ങൾക്കു പിന്നാലെ തന്നെ മികച്ച പ്രതികരണം നേടി
മലയാള സിനിമയിൽ ചരിത്രവിജയം കുറിച്ച ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം’ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗവും രണ്ടാം ഭാഗവും മികച്ച സാമ്പത്തിക വിജയം സ്വന്തമാക്കിയപ്പോൾ മൂന്നാം ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാൽ, വ്യത്യസ്തമായ കഥാപശ്ചാത്തലവുമായി എത്തിയ ഹിന്ദി പതിപ്പായ ‘ദൃശ്യം: ദ കൺക്ലൂഷൻ’ ബോക്സ് ഓഫീസിൽ വൻ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ചിത്രം ആഗോളതലത്തിൽ 509 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തിയ ഹിന്ദി ‘ദൃശ്യം 3’ ആദ്യ പ്രദർശനങ്ങൾക്കു പിന്നാലെ തന്നെ മികച്ച പ്രതികരണം നേടി. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗണാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളം പതിപ്പിന്റെ മൂന്നാം ഭാഗത്തിൽനിന്ന് ഏറെ വ്യത്യസ്തമായാണ് ഹിന്ദി ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ‘ദൃശ്യം’ ഫ്രാഞ്ചൈസിക്ക് നാലാം ഭാഗം ഉണ്ടായേക്കുമെന്ന സൂചനകൾ നിർമാതാക്കൾ നൽകിയിട്ടുണ്ടെങ്കിലും ഹിന്ദി പതിപ്പോടെ പരമ്പര അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് നിർമാതാക്കളുടെ നിലപാട്.
അജയ് ദേവ്ഗണിനൊപ്പം ജയ്ദീപ് അഹ്‌ലാവത്, പ്രകാശ് രാജ്, തബു, ശ്രിയ ശരൺ, രജത് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അഭിഷേക് പഥക്, ആമിൽ കിയാൻ ഖാൻ, പർവേസ് ഷെയ്ഖ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.