200 കോടിയും കടന്ന് മുന്നോട്ട്, തിയറ്ററുകളിൽ കൊടുങ്കാറ്റായി ജയിലർ 2, കേരളത്തിലും തരംഗം
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ‘ജയിലർ 2’ കേരളത്തിൽ വൻ വരവേൽപ്പോടെ തിയറ്ററുകളിലെത്തി. ഒക്ടോബർ 15ന് റിലീസ് ചെയ്ത ചിത്രം കേരളത്തിൽ 800 സ്ക്രീനുകളിലാണ് പ്രദർശനം ആരംഭിച്ചത്. ആദ്യ ദിനം മാത്രം സംസ്ഥാനത്ത് 4,000 ഷോകൾ ഒരുക്കിയതോടെ റിലീസിന്റെ കാര്യത്തിലും ചിത്രം റെക്കോർഡ് നേട്ടം സ്വന്തമാക്കി.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ഏറ്റെടുത്തു. ആഗോള ബോക്സ് ഓഫീസിൽ ചിത്രം ഇതുവരെ 211 കോടി രൂപ നേടിയെന്നാണ് സാക്നിൽക്കിന്റെ റിപ്പോർട്ട്.
ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന വലിയ സ്വീകരണത്തിന് പ്രധാന കാരണങ്ങളിലൊന്ന് മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ സാന്നിധ്യമാണ്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി പ്രേക്ഷകരുടെ കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു. രജനികാന്തിനെയും മോഹൻലാലിനെയും ഒരുമിച്ച് ബിഗ് സ്ക്രീനിൽ കാണാനുള്ള ആവേശവും ചിത്രത്തിന് അനുകൂലമായി. മറ്റ് അതിഥി താരങ്ങളുടെയും പ്രകടനത്തിന് തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ആദ്യ ഭാഗത്തിനു പിന്നാലെ, മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങി ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നെൽസൺ ദിലീപ്കുമാറാണ്.