ജിയോ ഉപയോക്താക്കൾക്ക് കോളടിച്ചു, ഈ സേവനം ഇനി തികച്ചും സൗജന്യം
ജിയോയും കാൻവയും തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ആനുകൂല്യം. അർഹരായ ഉപയോക്താക്കൾക്ക് 12 മാസം വരെ കാൻവ പ്രോ അല്ലെങ്കിൽ കാൻവ പ്രോ ലൈറ്റ് സൗജന്യമായി ലഭിക്കും.
ജിയോ ഉപയോക്താക്കൾക്ക് പുതിയ ആനുകൂല്യം. സമൂഹമാധ്യമ പോസ്റ്റുകൾ, അവതരണങ്ങൾ, ബിസിനസ് ആവശ്യങ്ങൾക്കുള്ള ഉള്ളടക്കങ്ങൾ എന്നിവ എളുപ്പത്തിൽ തയ്യാറാക്കാൻ സഹായിക്കുന്ന കാൻവയുടെ പ്രീമിയം ഡിസൈൻ സൗകര്യങ്ങൾ ഇനി ജിയോ ഉപയോക്താക്കൾക്ക് സൗജന്യമായി ഉപയോഗിക്കാം. ജിയോയും കാൻവയും തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ആനുകൂല്യം. അർഹരായ ഉപയോക്താക്കൾക്ക് 12 മാസം വരെ കാൻവ പ്രോ അല്ലെങ്കിൽ കാൻവ പ്രോ ലൈറ്റ് സൗജന്യമായി ലഭിക്കും. ഇതിനായി അധിക തുക നൽകേണ്ടതില്ല. കമ്പനികളുടെ കണക്കനുസരിച്ച് പരമാവധി ₹4,000 വരെയാണ് ആനുകൂല്യത്തിന്റെ മൂല്യം.
സെപ്റ്റംബർ 16 മുതൽ
സെപ്റ്റംബർ 16 മുതലാണ് ഓഫർ ലഭ്യമാകുക. ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന ജിയോ റീചാർജ് പ്ലാനിന്റെ അടിസ്ഥാനത്തിലാണ് കാൻവ പ്രോ ആണോ കാൻവ പ്രോ ലൈറ്റ് ആണോ ലഭിക്കുകയെന്ന് തീരുമാനിക്കുക. ₹399 വിലയുള്ള ജിയോ റീചാർജ് പ്ലാൻ ഉപയോഗിക്കുന്നവർക്ക് കാൻവ പ്രോ ലഭിക്കും. ₹349 പ്ലാനും അതിന് മുകളിലുള്ള അർഹമായ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളും ഉപയോഗിക്കുന്നവർക്ക് കാൻവ പ്രോ ലൈറ്റ് ലഭിക്കും.
എങ്ങനെ സൗജന്യ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം?
ആനുകൂല്യം സ്വന്തമാക്കാൻ അർഹരായ ഉപയോക്താക്കൾ മൈജിയോ ആപ്ലിക്കേഷൻ തുറക്കണം. തുടർന്ന് കാൻവ ഓഫർ കണ്ടെത്തി സജീവമാക്കാം. ഓഫർ ലഭിക്കുന്നവർക്ക് അധിക നിരക്കുകളോ മറഞ്ഞിരിക്കുന്ന ചെലവുകളോ ഉണ്ടാകില്ലെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.
കാൻവ പ്രോയിൽ എന്തെല്ലാം?
കാൻവ പ്രോ ഉപയോഗിക്കുന്നവർക്ക് ദശലക്ഷക്കണക്കിന് പ്രീമിയം മാതൃകകൾ, ചിത്രങ്ങൾ, വീഡിയോകൾ, അക്ഷരരൂപങ്ങൾ എന്നിവ ലഭിക്കും. ചിത്രങ്ങളിലെ പശ്ചാത്തലം ഒറ്റയടിക്ക് നീക്കം ചെയ്യുന്നതിനുള്ള സൗകര്യവും അനാവശ്യ ഘടകങ്ങൾ മായ്ക്കുന്നതിനുള്ള ‘മാജിക് ഇറേസർ’ സംവിധാനവും ഇതിലുണ്ട്. കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള വിവിധ സൃഷ്ടിപരമായ സൗകര്യങ്ങളും കാൻവ പ്രോയിൽ ലഭ്യമാണ്. സംഭാഷണത്തിലൂടെ തന്നെ ഡിസൈൻ തയ്യാറാക്കാൻ സഹായിക്കുന്ന സൗകര്യവും ഇതിന്റെ ഭാഗമാണ്.