സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ എം. ശിവശങ്കർ തനിക്ക് കൈമാറിയതായി പറയുന്ന രേഖകളും തെളിവുകളും പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു
പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്. പിണറായി വിജയന്റെ ഭരണകാലത്തെ അഴിമതികൾ പുറത്തുകൊണ്ടുവരുന്നതുവരെ താൻ പോരാട്ടം തുടരുമെന്നും വിശ്രമിക്കില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമാണെന്നും അവരുടെ ‘യഥാർഥ നിറം’ പുറത്തുകൊണ്ടുവരുമെന്നും സ്വപ്‌ന ആരോപിച്ചു. പിണറായി വിജയൻ എത്രത്തോളം ക്രൂരത നിറഞ്ഞ വ്യക്തിയാണെന്ന് പുറത്തുകൊണ്ടുവരുന്നതുവരെ താൻ പിന്നോട്ടുപോകില്ലെന്നും അവർ പറഞ്ഞു.
പിണറായി വിജയൻ അധികാരത്തിലിരിക്കെ നടന്നതായി താൻ ആരോപിക്കുന്ന അഴിമതികളെക്കുറിച്ച് ലോകത്തോട് ആദ്യം വിളിച്ചുപറഞ്ഞത് താനാണെന്ന് സ്വപ്‌ന പറഞ്ഞു. ഇതിന്റെ പേരിൽ തനിക്കെതിരെ വിവിധ സ്ഥലങ്ങളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും സത്യസന്ധമായ അന്വേഷണം നടത്താനോ വിചാരണ ആരംഭിക്കാനോ അനുവദിച്ചില്ലെന്നാണ് അവരുടെ ആരോപണം. ജീവനോടെ ഇരിക്കുന്ന കാലത്തോളം സത്യം പുറത്തുകൊണ്ടുവരാൻ പോരാടുമെന്നും സ്വപ്‌ന വ്യക്തമാക്കി.
