മുട്ട പാകം ചെയ്യുന്ന രീതിയും പ്രധാനം; ആരോഗ്യത്തിന് ഏറ്റവും നല്ലത് ഏത്? അറിയാം ആറ് വഴികൾ
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പാണ് പുഴുങ്ങിയ മുട്ട
ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന പോഷകസമൃദ്ധമായ വിഭവമാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിനൊപ്പം വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ സഹായിക്കാനും മുട്ടയ്ക്ക് കഴിയും. എന്നാൽ മുട്ട കഴിക്കുന്നതുകൊണ്ട് മാത്രം ആരോഗ്യഗുണങ്ങൾ ഉറപ്പാക്കാനാകുമോ? മുട്ട തയ്യാറാക്കാൻ ഉപയോഗിക്കുന്ന എണ്ണ, വെണ്ണ, ചീസ് തുടങ്ങിയ ചേരുവകളും പാചകരീതിയും ഇതിൽ നിർണായകമാണ്. മുട്ടയുടെ പോഷകഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ പാചകത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- പുഴുങ്ങിയ മുട്ട
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പാണ് പുഴുങ്ങിയ മുട്ട. പാചകത്തിന് എണ്ണയോ വെണ്ണയോ ആവശ്യമില്ലാത്തതിനാൽ അധിക കൊഴുപ്പ് ഒഴിവാക്കാം. പ്രഭാതഭക്ഷണത്തിനും ഇടനേരത്തെ ലഘുഭക്ഷണത്തിനും ഇത് അനുയോജ്യമാണ്. യാത്രകളിലും ജോലിസ്ഥലത്തും എളുപ്പത്തിൽ കൊണ്ടുപോകാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
- പോച്ച്ഡ് എഗ്
വെള്ളത്തിൽ നേരിട്ട് പാകം ചെയ്യുന്ന രീതിയാണ് പോച്ച്ഡ് എഗ്. എണ്ണ ഉപയോഗിക്കേണ്ടതില്ലാത്തതിനാൽ അധിക കൊഴുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുന്നത് ഒഴിവാക്കാം. ലളിതവും പോഷകസമൃദ്ധവുമായ പ്രഭാതഭക്ഷണം ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്.
- കുറഞ്ഞ എണ്ണയിൽ തയ്യാറാക്കുന്ന ഓംലെറ്റ്
പച്ചക്കറികൾ ചേർത്ത് കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിച്ച് തയ്യാറാക്കുന്ന ഓംലെറ്റ് പോഷകസമൃദ്ധമായ ഭക്ഷണമാണ്. എന്നാൽ രുചി കൂട്ടാനായി അമിതമായി വെണ്ണയോ ചീസോ ചേർക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അധിക എണ്ണ ഉപയോഗിക്കാതെ തയ്യാറാക്കിയാൽ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം.
- സണ്ണി സൈഡ് അപ്പ്
മുട്ടയുടെ മഞ്ഞക്കരു മുറിയാതെ നിലനിർത്തി ഒരു വശം മാത്രം പാകം ചെയ്യുന്ന രീതിയാണ് സണ്ണി സൈഡ് അപ്പ്. ഇത് തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന എണ്ണയുടെ അളവ് പരിമിതപ്പെടുത്തണം. കൂടുതൽ എണ്ണയിൽ വറുത്തെടുക്കുന്നതിനു പകരം നോൺസ്റ്റിക് പാൻ ഉപയോഗിക്കുന്നത് എണ്ണയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
- സ്‌ക്രാംബിൾഡ് എഗ്
മുട്ട അടിച്ചിളക്കി ചെറിയ തീയിൽ പാകം ചെയ്യുന്ന രീതിയാണ് സ്‌ക്രാംബിൾഡ് എഗ്. ഇത് തയ്യാറാക്കാൻ ധാരാളം ചേരുവകൾ ആവശ്യമില്ല. കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിക്കുകയും വെണ്ണയും ചീസും അമിതമായി ചേർക്കാതിരിക്കുകയും ചെയ്താൽ നല്ലൊരു ഭക്ഷണവിഭവമായി ഇത് മാറും.
- മസാല ഓംലെറ്റും എഗ് ഭുർജിയും
മസാല ഓംലെറ്റും എഗ് ഭുർജിയും രുചികരമാണെങ്കിലും തയ്യാറാക്കുന്ന രീതിക്കനുസരിച്ച് ഇവയിലെ കൊഴുപ്പിന്റെ അളവ് വർധിക്കാം. ഒന്നിലധികം ടേബിൾസ്പൂൺ എണ്ണയോ നെയ്യോ വെണ്ണയോ ഉപയോഗിക്കുന്നത് ഭക്ഷണത്തിലെ കലോറി കൂട്ടും. അതിനാൽ ഇവ തയ്യാറാക്കുമ്പോൾ എണ്ണയുടെ അളവ് നിയന്ത്രിക്കുന്നതും അധിക ചേരുവകൾ പരിമിതപ്പെടുത്തുന്നതും പ്രധാനമാണ്.
മുട്ടയുടെ ഗുണം ലഭിക്കാൻ ശ്രദ്ധിക്കേണ്ടത്
ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. പാൽ മാണിക്കത്തിന്റെ വിശദീകരണമനുസരിച്ച്, മുട്ടയുടെ പോഷകഗുണങ്ങൾക്കൊപ്പം അത് തയ്യാറാക്കുന്ന രീതിയും പരിഗണിക്കേണ്ടതാണ്. പുഴുങ്ങിയ മുട്ടയും പോച്ച്ഡ് എഗ്ഗും പോലെ അധിക എണ്ണ ആവശ്യമില്ലാത്ത രീതികൾക്ക് മുൻഗണന നൽകാം. ഓംലെറ്റ്, സ്‌ക്രാംബിൾഡ് എഗ് തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കുമ്പോഴും എണ്ണ, വെണ്ണ, ചീസ് എന്നിവയുടെ അളവ് നിയന്ത്രിക്കുന്നത് നല്ലതാണ്.
മുട്ട മാത്രം കഴിക്കുന്നതുകൊണ്ട് ശരീരഭാരം കുറയണമെന്നില്ല. ആകെ ഭക്ഷണക്രമം, കഴിക്കുന്ന അളവ്, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയും പ്രധാനമാണ്. അതിനാൽ മുട്ടയെ സമീകൃതമായ ഭക്ഷണത്തിന്റെ ഭാഗമാക്കി ഉൾപ്പെടുത്തുന്നതാണ് ഉചിതം.